News

പാവങ്ങളുടെ ഫ്‌ളാറ്റ് പദ്ധതി മുടങ്ങാൻ അനുവദിക്കരുത്

കൊച്ചിയിലെ ചേരിനിർമ്മാർജ്ജനത്തിന്റെ ഭാഗമായി കൊച്ചി നഗരസഭയിലെ ഡിവിഷൻ 2ലെ ഭവനരഹിതർക്കായി ആവിഷ്കരിച്ചിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയായ RAY ഫ്‌ളാറ്റ് പദ്ധതിയുടെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. 12 നിലകളുള്ള 2 ടവറുകളിലായി 398 ഭവനരഹിത കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, കൊച്ചി നഗരസഭ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരുടെ ഫണ്ടുകൾ ഉൾപ്പെടുത്തിയാണ് RAY പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആദ്യ ടവർ നിർമ്മാണത്തിലെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിർമ്മാണം നിലച്ചിരിക്കുകയാണ്. 12 നിലകളുള്ള ആദ്യ ടവറിന്റെ ഫസ്റ്റ് ഫ്ലോർ സ്‌ലാബ് പൂർത്തിയായപ്പോഴേക്കും കോണ്ട്രാക്ടർ നിർമ്മാണം നിറുത്തി വെച്ചിരിക്കുകയാണ്. 60 സെ.മീ. മുതൽ 90 സെ.മീ വ്യാസമുള്ള 168 പൈലുകൾ 60 മീറ്റർ നീളത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഫൗണ്ടേഷൻ ആയി ചെയ്തു കഴിഞ്ഞതിന് ശേഷമാണ് ഇപ്പോൾ സൂപ്പർ സ്ട്രാക്ച്ചറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിർമ്മാണം നിലച്ചിരിക്കുന്നത്. പാവങ്ങളുടെ ഈ സ്വപ്ന പദ്ധതി മുടങ്ങാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്.

2013ൽ കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ച RAY പദ്ധതി ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും തികഞ്ഞ അനാസ്ഥ മൂലം ടെൻഡർ നടപടികൾ പോലും ആരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. അക്കാരണം കൊണ്ട് തന്നെ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക വൻ തോതിൽ വർദ്ധിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ സാമ്പത്തിക പങ്കാളിത്തതിൽ നടക്കുന്ന പാവങ്ങളുടെ ക്ഷേമ പദ്ധതികൾക്ക് എസ്റ്റിമേറ്റ് ചെയ്ത തുക വർദ്ധിച്ചാൽ അധിക എസ്റ്റിമേറ്റ് തുക സ്വാഭാവികമായും അംഗീകരിച്ച് കിട്ടുകയില്ല. കാലതാമസം വരുത്തി പദ്ധതി ഇല്ലാതാക്കുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെയും ചില നഗരസഭ ഭരണാധികാരികളുടെയും ലക്ഷ്യം.

2012 മുതൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച് മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന NGO യാണ് സണ്റൈസ് കൊച്ചി. മട്ടാഞ്ചേരിയിലെ ഭവനരഹിതരായ ചേരി നിവാസികൾക്കായി സണ്റൈസ് കൊച്ചി സ്വന്തം ചെലവിൽ 21 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് പദ്ധതി പൂർത്തീകരിച്ച് കൈമാറിയിട്ടുണ്ട്. 400 കുടുംബങ്ങൾക്ക് ആശ്രയമാകുന്ന RAY ഫ്‌ളാറ്റ് പദ്ധതി നഷ്ടപ്പെട്ടുപോകാതിരിക്കാൻ സണ്റൈസ് കൊച്ചി മുൻകൈയ്യെടുക്കുകയും തുടർന്ന് ഉദ്യോഗസ്ഥരും ഭരണാധികാരികളും പദ്ധതിയോട് കാണിക്കുന്ന വഞ്ചന പൊതുതാൽപര്യ ഹർജിയിലൂടെ ബഹു. ഹൈക്കോടതി മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. അന്നത്തെ ഹൈക്കോടതി വിധി പ്രകാരം ഫ്‌ളാറ്റിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. നിർമ്മാണം ആരംഭിച്ചതിന് ശേഷവും അസാധാരണമായ കാലതാമസമുണ്ടായി. നഗരസഭ തയ്യാറാക്കിയ എസ്റ്റിമേറ്റ് തന്നെ

അബദ്ധജഡിലവും ഒട്ടേറെ തെറ്റുകുറ്റങ്ങളും ഉള്ളതുമാണ്. ഇത്രയും വലിയ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള വൈഭവം നഗരസഭ എഞ്ചിനീയർമാർക്ക് ഇല്ല എന്നതിന്റെ തെളിവാണ് RAY പദ്ധതി. 2017ൽ ആരംഭിച്ചതും 18 മാസം കൊണ്ട് പൂർത്തീരിക്കേണ്ടതുമായ ഈ ഫ്‌ളാറ്റ് പദ്ധതി super structure ന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ മുടങ്ങിക്കിടക്കുന്നു. പദ്ധതിയുടെ ബാർ ചാർട്ട് പ്രകാരം രണ്ടാമത്തെ ടവറിന്റെയും പണി ആരംഭിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നഗരസഭ അധികൃതരോട് കാര്യങ്ങൾ അന്വേഷിക്കുമ്പോഴും തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവർക്കുള്ളത്. ഇനിയും ഈ വിഷയം പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തിട്ടില്ല എങ്കിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരി നിർമ്മാർജ്ജന പദ്ധതിയുടെ കടക്കൽ കത്തിവെക്കുന്ന രീതിയായി മാറും.

പലപ്പോഴും കൊച്ചിയിലെ ചേരികൾ വിവിധ ഏജൻസികളുടെ ഫണ്ട് കൈപറ്റാനുള്ള ഉപകരണമാക്കി മാറ്റുകയാണ്. ഒരു പദ്ധതിയുടെയും തരിമ്പ് ഗുണം പോലും ചേരി നിവാസികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇവരുടെ ദാരിദ്ര്യത്തിന്റെയും ചേരികളുടെയും ദയനീയ മുഖം എല്ലാ പദ്ധതികളുടെയും റിപ്പോർട്ടിൽ ഫോട്ടോ സഹിതം പ്രതിപാദിക്കും. 2003ൽ Poverty Alleviation of Mattanchery (PAM) എന്ന പേരിൽ ഏഷ്യൻ ബാങ്കിന്റെ സഹകരണത്തിൽ ആവിഷ്കരിച്ച പദ്ധതിയിൽ അന്നത്തെ 70 കോടിയാണ് അനുവദിച്ചിരുന്നത്. 1560 വീടുകളാണ് പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷെ ഒരു വീട് പോലും പദ്ധതി പ്രകാരം നിർമ്മിച്ചില്ല. 2012 ലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ അപേക്ഷ വന്നത് കൊച്ചിയിൽ നിന്നാണ്. പക്ഷേ ഒരു കുടുംബത്തിന് പോലും വീട് പണിയാൻ ഭൂമി കൊടുത്തിട്ടില്ല. ഏറ്റവും ഒടുവിൽ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലും ഏറ്റവും കൂടുതൽ അപേക്ഷ മട്ടാഞ്ചേരിയിൽ നിന്നാണ്. എന്നാൽ പദ്ധതി പ്രകാരം ഭൂരഹിതർക്കായി യാതൊരു ഭവന പദ്ധതിയും ഇതുവരെ വിഭാവനം ചെയ്തിട്ടുമില്ല.

കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതി പ്രകാരം കൊച്ചി നഗരം തെരഞ്ഞെടുക്കപ്പെട്ടതും വലിയ മത്സരത്തിലൂടെയാണ്. അർബൻ പോവർട്ടി അലീവിയേഷൻ എന്ന പേരിൽ മട്ടാഞ്ചേരിയിലെ 1 മുതൽ 5 വരെ ഡിവിഷനുകളിൽ വിവിധ ചേരി നിർമ്മാർജ്ജന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ടാണ് കൊച്ചി നഗരസഭ മാർക്കുകൾ അധികം നേടിയെടുത്തത്. സ്മാർട്ട് സിറ്റി മിഷൻ പദ്ധതി പ്രകാരം 120 കോടി രൂപയാണ് ഭവനപദ്ധതിക്ക് നേടിയെടുത്തത്. 2020ൽ കാലാവധി അവസാനിക്കുന്ന സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിലും ഭവന പദ്ധതികൾ യാതൊന്നും നടപ്പാക്കിയിട്ടില്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടലിലൂടെ നിർമ്മാണം ആരംഭിച്ച RAY പദ്ധതിയുടെ ഗതി ഇങ്ങനെയുമായി.

അതിനാൽ നിർമ്മാണം നിലച്ച RAY ഫ്‌ളാറ്റ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരും കൊച്ചി നഗരസഭയും മുന്കൈയ്യെടുക്കണം. കൊച്ചി നഗരസഭക്ക് ഇത്തരത്തിൽ വലിയ പദ്ധതികൾ നടപ്പാക്കാൻ കഴിവില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പോലെയുള്ള ഏജൻസികളെ വെച്ച് പദ്ധതി ഇനിയെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കണം. മനപൂർവ്വം കാലതാമസം വരുത്തി എസ്റ്റിമേറ്റ് തുക അധികരിപ്പിക്കുവാൻ കാരണക്കാരായവരിൽ നിന്ന് സർക്കാർ ഖജനാവിന് അധിക ബാധ്യതയാകുന്ന തുക ഇടാക്കണം.

പത്ര സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം മൊയ്‌നുദ്ദീൻ അഫ്‌സൽ, സണ്റൈസ് കൊച്ചി പ്രൊജക്ട് കോർഡിനേറ്റർ ജെയ്ഫിൻ കെരീം, സണ്റൈസ് കൊച്ചി കൺവീനർ പി. എസ്. സൈനുദ്ദീൻ, നിയമ വിദ്യാർത്ഥിയായ ഹഫ്സ എന്നിവർ പങ്കെടുത്തു.

Gallery

Back