റേ ഫ്‌ളാറ്റ് നിർമ്മാണം പുനരാരംഭിക്കുന്നത് സ്വാഗതാർഹം : സൺറൈസ് കൊച്ചി
കൊച്ചി : ചേരി നിവാസികളായ 199 കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന മട്ടാഞ്ചേരിയിലെ രണ്ടു വർഷമായി മുടങ്ങിക്കിടന്ന RAY ഫ്‌ളാറ്റ് നിർമ്മാണം പുനരാരംഭിക്കുന്നത് സ്വാഗതാർഹമാണെന്ന് പുരാതന കൊച്ചി ജനകീയ പുനർ നിർമ്മാണ പദ്ധതിയായ സണ്റൈസ് കൊച്ചി പ്രസ്താവനയിൽ പറഞ്ഞു . പദ്ധതിയുടെ ആദ്യത്തെ കണസൾട്ടന്റ് ഏജൻസി നൽകിയ എസ്റ്റിമേറ്റിലെ അബദ്ധങ്ങൾ കാരണമായി സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് 2019 ഫെബ്രുവരിയിൽ നിർമ്മാണം നിലച്ചു .പിന്നീട് ഈ പദ്ധതി കൊച്ചി നഗരസഭയിലെ പ്രാദേശിക രാഷ്ട്രീയ വടംവലിയുടെ ഇര കൂടിയായപ്പോൾ പാവങ്ങളുടെ പദ്ധതി അനന്തമായി നീണ്ടു. നിർമാണം മുടങ്ങി കിടക്കുന്നതിനെതിരെ രണ്ടു കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട് .മനുഷ്യാവകാശ കമ്മീഷനെയും സൺറൈസ് കൊച്ചി സമീപിച്ചിരുന്നു. ഏതായാലും കേരളം പിറവി ദിനത്തിൽ നിർമാണം പുനരാരംഭിക്കുമ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളായ 199 കുടുംബങ്ങളുടെ സന്തോഷത്തിൽ സൺറൈസ് കൊച്ചിയും പങ്ക് കൊള്ളുന്നു.
2014 ൽ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും അനുമതി നൽകിയ RAY ഫ്‌ളാറ്റ് പദ്ധതികളിലെ രണ്ട് ഫ്‌ളാറ്റുകളിൽ ഒന്നിന്റെ നിർമാണമാണ് 2017ൽ ആരംഭിച്ചത്. നിരവധി തവണ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുക വഴി റിവൈസ്ഡ് എസ്റ്റിമേറ്റ് ആകുകയും അധിക തുക നിർമ്മാണത്തിന് വേണ്ടി വരികയും ചെയ്തു. ഇത്തരത്തിൽ അകാരണമായി മുടക്കം സംഭവിച്ചാൽ സർക്കാർ ഖജനാവ് കാലിയാകുമെന്നു മാത്രമല്ല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഭവനം കിട്ടാതെ വരികയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഓർക്കണം. രണ്ടാമത്തെ ടവറിന്റെ ടെൻഡർ നടപടികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് ഫ്‌ളാറ്റുകളും യാഥാർഥ്യമായാൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി നിർമ്മാർജ്ജന പദ്ധതിയാകും ഇത്. രണ്ടാമത്തെ ടവർ നിർമ്മാണവും ഏത് വിധേനയും മുടക്കം വരുത്താൻ ചില തല്പര കക്ഷികളും ബിസിനസ്സ് മാഫിയകളും ശ്രമിക്കുന്നുണ്ടെന്ന് മട്ടാഞ്ചേരിയിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. അവരുടെ നിഗൂഡ ശ്രമങ്ങളിൽ ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ആദ്യത്തെ ടവറിന്റെ അനുഭവം രണ്ടാമത്തെ ടവറിന് സംഭവിക്കാതിരിക്കാൻ മട്ടാഞ്ചേരിയിലെ ജനങ്ങൾ ഐക്യപ്പെടുകയും ജാഗ്രതയോടെ പദ്ധതി പൂർത്തീകരണത്തിന് ശ്രമിക്കണമെന്നും സൺറൈസ് കൊച്ചി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. റേ പദ്ധതിയുടെ ഗുണം ലഭിക്കുന്നത് ഡിവിഷൻ രണ്ടിലെ കുടുംബങ്ങൾക്ക് മാത്രമാണ്. മട്ടാഞ്ചേരിയിലെ മറ്റുള്ള ഡിവിഷനുകളിലും ഇത്തരത്തിലുള്ള ഭവന പദ്ധതികൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനായി കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിലെയും സംസ്ഥാന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിലെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തണം. സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിൽ 4,000 വീടുകൾ മട്ടാഞ്ചേരി പ്രദേശത്ത് ചെറിനിര്മാര്ജ്ജന പദ്ധതി പ്രകാരം നിർമ്മിക്കുമെന്നാണ് വാഗ്ദാനം ഉണ്ടായിരുന്നത്. അതിനായി 120 കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ഭവനപദ്ധതികൾ അടക്കമുള്ള ക്ഷേമ പദ്ധതികൾ കൃത്യമായി ലഭിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് ഒരു കൂട്ടായ്‌മ രൂപപെടുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. . എക്സിക്യൂട്ടീവ് യോഗത്തിൽ പ്രൊജക്ട് ഡയറക്ടർ മുഹമ്മദ് ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷക്കീൽ മുഹമ്മദ്, ജെയ്ഫിൻ കെരീം എന്നിവർ സംസാരിച്ചു.
To make your donations to Sunrise Kochi click the link below
http://sunrisekochi.com/donations/
(DONATIONS ARE EXEMPTED FROM INCOME TAX U/S 80-G OF INCOME TAX ACT, 1961)
Gallery
Back