Author Archives: admin

 1. റേ ഫ്‌ളാറ്റ്‌ നിർമ്മാണം പുനരാരംഭിക്കുന്നത് സ്വാഗതാർഹം

  Leave a Comment

  റേ ഫ്‌ളാറ്റ്‌ നിർമ്മാണം പുനരാരംഭിക്കുന്നത് സ്വാഗതാർഹം : സൺറൈസ് കൊച്ചി 

  കൊച്ചി : ചേരി നിവാസികളായ 199 കുടുംബങ്ങൾക്ക്‌ ആശ്വാസമാകുന്ന മട്ടാഞ്ചേരിയിലെ രണ്ടു വർഷമായി  മുടങ്ങിക്കിടന്ന RAY ഫ്‌ളാറ്റ്‌ നിർമ്മാണം  പുനരാരംഭിക്കുന്നത് സ്വാഗതാർഹമാണെന്ന് പുരാതന കൊച്ചി ജനകീയ പുനർ നിർമ്മാണ പദ്ധതിയായ സണ്റൈസ് കൊച്ചി  പ്രസ്താവനയിൽ പറഞ്ഞു  . പദ്ധതിയുടെ ആദ്യത്തെ കണസൾട്ടന്റ് ഏജൻസി നൽകിയ എസ്റ്റിമേറ്റിലെ അബദ്ധങ്ങൾ കാരണമായി സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് 2019 ഫെബ്രുവരിയിൽ നിർമ്മാണം നിലച്ചു .പിന്നീട് ഈ പദ്ധതി കൊച്ചി നഗരസഭയിലെ പ്രാദേശിക രാഷ്ട്രീയ വടംവലിയുടെ ഇര കൂടിയായപ്പോൾ പാവങ്ങളുടെ പദ്ധതി അനന്തമായി നീണ്ടു. നിർമാണം മുടങ്ങി കിടക്കുന്നതിനെതിരെ രണ്ടു കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട് .മനുഷ്യാവകാശ കമ്മീഷനെയും സൺറൈസ് കൊച്ചി സമീപിച്ചിരുന്നു. ഏതായാലും കേരളം പിറവി ദിനത്തിൽ നിർമാണം പുനരാരംഭിക്കുമ്പോൾ  പദ്ധതിയുടെ ഗുണഭോക്താക്കളായ 199 കുടുംബങ്ങളുടെ സന്തോഷത്തിൽ സൺറൈസ് കൊച്ചിയും  പങ്ക് കൊള്ളുന്നു.

  2014 ൽ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും അനുമതി നൽകിയ RAY ഫ്‌ളാറ്റ്‌ പദ്ധതികളിലെ രണ്ട് ഫ്‌ളാറ്റുകളിൽ ഒന്നിന്റെ നിർമാണമാണ് 2017ൽ ആരംഭിച്ചത്. നിരവധി തവണ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുക വഴി റിവൈസ്ഡ് എസ്റ്റിമേറ്റ് ആകുകയും അധിക തുക നിർമ്മാണത്തിന് വേണ്ടി വരികയും ചെയ്തു. ഇത്തരത്തിൽ അകാരണമായി മുടക്കം സംഭവിച്ചാൽ സർക്കാർ ഖജനാവ് കാലിയാകുമെന്നു മാത്രമല്ല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഭവനം കിട്ടാതെ വരികയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഓർക്കണം. രണ്ടാമത്തെ ടവറിന്റെ ടെൻഡർ നടപടികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് ഫ്‌ളാറ്റുകളും യാഥാർഥ്യമായാൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി നിർമ്മാർജ്ജന പദ്ധതിയാകും ഇത്.  രണ്ടാമത്തെ ടവർ നിർമ്മാണവും ഏത് വിധേനയും മുടക്കം വരുത്താൻ ചില തല്പര കക്ഷികളും ബിസിനസ്സ് മാഫിയകളും ശ്രമിക്കുന്നുണ്ടെന്ന് മട്ടാഞ്ചേരിയിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. അവരുടെ നിഗൂഡ ശ്രമങ്ങളിൽ ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ആദ്യത്തെ ടവറിന്റെ അനുഭവം രണ്ടാമത്തെ ടവറിന് സംഭവിക്കാതിരിക്കാൻ മട്ടാഞ്ചേരിയിലെ ജനങ്ങൾ ഐക്യപ്പെടുകയും ജാഗ്രതയോടെ പദ്ധതി പൂർത്തീകരണത്തിന് ശ്രമിക്കണമെന്നും സൺറൈസ് കൊച്ചി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.  റേ പദ്ധതിയുടെ ഗുണം ലഭിക്കുന്നത് ഡിവിഷൻ രണ്ടിലെ  കുടുംബങ്ങൾക്ക് മാത്രമാണ്. മട്ടാഞ്ചേരിയിലെ മറ്റുള്ള ഡിവിഷനുകളിലും ഇത്തരത്തിലുള്ള ഭവന പദ്ധതികൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനായി കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിലെയും സംസ്ഥാന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിലെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തണം. സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിൽ 4,000 വീടുകൾ മട്ടാഞ്ചേരി പ്രദേശത്ത് ചെറിനിര്മാര്ജ്ജന പദ്ധതി പ്രകാരം നിർമ്മിക്കുമെന്നാണ് വാഗ്ദാനം ഉണ്ടായിരുന്നത്. അതിനായി  120 കോടി രൂപയുടെ ഫണ്ട്  വകയിരുത്തിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ഭവനപദ്ധതികൾ അടക്കമുള്ള ക്ഷേമ പദ്ധതികൾ കൃത്യമായി ലഭിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് ഒരു കൂട്ടായ്‌മ രൂപപെടുത്തണമെന്നും   പ്രസ്താവനയിൽ ആവശ്യപ്പെട്ടു. . എക്സിക്യൂട്ടീവ് യോഗത്തിൽ  പ്രൊജക്ട് ഡയറക്ടർ മുഹമ്മദ് ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ നാസർ  റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷക്കീൽ മുഹമ്മദ്, ജെയ്ഫിൻ കെരീം എന്നിവർ സംസാരിച്ചു.

   

  To make your donations to Sunrise Kochi click the link below

  http://sunrisekochi.com/donations/

  (DONATIONS ARE EXEMPTED FROM INCOME TAX U/S 80-G OF INCOME TAX ACT, 1961)

 2. Human Rights Commission Order on RAY Construction

  Leave a Comment

  കൊച്ചി ചേരി നിവാസികൾക്കുള്ള ഫ്‌ളാറ്റ്‌ പദ്ധതി: ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി  നിർമാണ പൂർത്തീകരണത്തിന് മുൻകൈ എടുക്കണം: മനുഷ്യാവകാശ കമ്മീഷൻ 

  രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചിചേരി പ്രദേശത്തെ  398 വീടില്ലാത്ത കുടുംബങ്ങൾക്ക് അനുവദിക്കപ്പെട്ട ഫ്‌ളാറ്റുകളുടെ നിർമ്മാണം മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ പദ്ധതി  പൂർത്തീകരണത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുൻകൈയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആൻറണി ഡൊമിനിക്  ഉത്തരവ് പുറപ്പെടുവിച്ചു. മട്ടാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സണ്റൈസ് കൊച്ചി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

  എതിർകക്ഷിയായ  കൊച്ചി നഗരസഭ സമർപ്പിച്ച റിപ്പോർട്ടും തുടർന്ന് സണ്റൈസ് കൊച്ചി സമർപ്പിച്ച റിപ്പോർട്ടും  പരിഗണിച്ച കമ്മീഷൻ 2014ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച വീടില്ലാത്ത കുടുംബാംഗൾക്കായുള്ള പദ്ധതി 6 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് തികച്ചും ഖേദകരമാണെന്നും നഗരസഭ ഭരണാധികാരികളുടെയും   ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുള്ള അലംഭാവം നിമിത്തമാണ് പദ്ധതി അനന്തമായി നീണ്ടു പോയതെന്ന ഹർജി കക്ഷിയുടെ ആരോപണത്തെ തെറ്റ് പറയാൻ കഴിയുകയില്ലായെന്നും ഉത്തരവിൽ പറഞ്ഞു.  

  2013 ഡിസംബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ   (RAY) റെ പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു 398 ഭൂരഹിത കുടുംബങ്ങൾക്ക് ഭവനം ലഭിക്കുന്ന രണ്ട് ടവറിലുകളിലായി നിർമ്മിക്കുന്ന പന്ത്രണ്ട് നില ഫ്‌ളാറ്റ്‌ പദ്ധതി.  നിരന്തര സമരങ്ങളുടെയും ഒടുവിൽ ഹൈക്കോടതി യുടെയും ഇടപെടൽ കാരണമാണ് കൊച്ചി നഗരസഭ 2016 ൽ രണ്ട് ഫ്‌ളാറ്റുകളിൽ ഒന്നിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും 2017 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തത്. എന്നാൽ 2019 ഫെബ്രുവരിയിൽ ഒന്നാം നിലയുടെ സ്ളാബ്  പൂർത്തീകരിച്ച് നിർമ്മാണം നിലച്ച സഹചര്യത്തിലാണ് സൻറൈസ് കൊച്ചി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. 

  ആദ്യ ഘട്ടത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പല നിർമ്മാണ  പ്രവർത്തികളും വിട്ടുപോയതിനാൽ എസ്റ്റിമേറ്റ് പുതുക്കേണ്ടതായി വന്നുവെന്നും പുതിയ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം കിട്ടാൻ വൈകിയതാണ് നിർമ്മാണം മുടങ്ങിയതിന് കാരണമായി കൊച്ചി നഗരസഭ ചൂണ്ടിക്കാട്ടുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഫ്‌ളാറ്റ്‌ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ ആദ്യ ഘട്ടത്തിലെ തുകയേക്കാൾ ഇരട്ടി തുക വേണ്ടിവരും. എന്നാൽ പ്രസ്തുത തുക സ്മാർട്ട് സിറ്റി മിഷൻ പദ്ധതി വഹിക്കാമെന്ന് സമ്മതിച്ചിട്ടും അതിന് വേണ്ട അനുമതികൾ ലഭ്യമാക്കാൻ കൊച്ചി നഗരസഭ വീണ്ടും അലംഭാവം തുടരുകയാണെന്ന് നഗരസഭയുടെ റിപ്പോർട്ടിന് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിൽ സൺറൈസ് കൊച്ചി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷമായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന്റെ അനുമതിക്കായി ഇതുവരെ ഫയൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർക്ക് കൈമാറിയിട്ടില്ല. 

  ഈ സാഹചര്യത്തിലാണ് പദ്ധതി പൂർത്തീകരണത്തിന് സംസ്ഥാന സർക്കാറിൻറെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് വിലയിരുത്തി  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

  മനുഷ്യാവകാശ കമ്മീഷൻ ഓർഡറിന്റെ പകർപ്പ് document ലിങ്കിൽ ലഭ്യമാണ്

 3. RAY ഫ്‌ളാറ്റ് പദ്ധതി കാലതാമസം വരുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

  Leave a Comment

  കൊച്ചി നഗരസഭയിൽ 398 ഭൂരഹിതരായ കുടുംബങ്ങൾക്ക് നടപ്പാക്കുന്ന ഭവനപദ്ധതി നിർമ്മാണം കാലതാമസം ചൂണ്ടിക്കാട്ടി സണ്റൈസ് കൊച്ചി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. പരാതി ഫയലിൽ സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ കൊച്ചി നഗരസഭയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ തീരുമാനിച്ചു.

   

  പരാതിയുടെ പൂർണ്ണരൂപം താഴെ…

   

  12-11-2019

  Kochi

  ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ,

  സർ,

  കേന്ദ്ര സർക്കാരിന്റെ ചേരി നിർമ്മാർജ്ജന പദ്ധതിയായ രാജീവ് ആവാസ് യോജന പദ്ധതിപ്രകാരം കൊച്ചി നഗരസഭയിൽ ഡിവിഷൻ 2ലെ 398 ഭൂരഹിതരായ കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കാൻ 2013 ഡിസംബർ 30ന് കേന്ദ്ര സർക്കാർ അനുമതി നൽകിയതാണ്. 2014 ഏപ്രിൽ മാസത്തിൽ സംസ്ഥാന സർക്കാറും സാങ്കേതിക അനുമതി നൽകി. എന്നാൽ കൊച്ചി നഗരസഭ വർഷങ്ങളോളം പദ്ധതിക്ക് കാലതാമസം വരുത്തുകയും അത് പദ്ധതിയുടെ നിർമ്മാണ തുക വർദ്ധനവിന് കാരണമാവുകയും ചെയ്തു. അനുമതി ലഭിച്ച 2 ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ 199 കുടുംബങ്ങൾക്കുള്ള ഒരു ഫ്‌ളാറ്റിന്റെ നിർമ്മാണം 2017 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 2 വർഷം കൊണ്ട് പൂർത്തിയാകേണ്ട നിർമ്മാണം ഇതുവരെ ഗ്രൗണ്ട് ഫ്ലോർ വരെ മാത്രമായി നിലച്ചിരിക്കുകയാണ്. 168 പൈലുകളായി ഫൗണ്ടേഷന് വർക്കിന് വേണ്ടി ഇതുവരെ 10 കോടിയോളം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 8 മാസമായി നിർമ്മാണം നിലച്ചിരിക്കുകയാണ്. കൃത്യമായി നിർമ്മാണം നടന്നിരുന്നുവെങ്കിൽ 199 വീടില്ലാത്ത കുടുംബങ്ങൾക്ക് ഇപ്പോൾ സ്വന്തമായി ഭവനം ലഭ്യമായേനെ. എന്നാൽ പദ്ധതി നിർവ്വഹണ ഏജൻസിയായ കൊച്ചി നഗരസഭയുടെ അലംഭാവം മൂലം 199 കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം തടസ്സപ്പെട്ടിരിക്കുകയാണ്.

  RAY ഫ്‌ളാറ്റുകളിൽ അടുത്ത 199 കുടുംബങ്ങൾക്കുള്ള രണ്ടാമത്തെ ഫ്‌ളാറ്റ് നിർമ്മാണം ആദ്യത്തെ ഫ്‌ളാറ്റിന്റെ 2-3 നിലകൾ പൂർത്തിയാകുമ്പോൾ ആരംഭിക്കും എന്നാണ് പദ്ധതി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതുവരെ രണ്ടാമത്തെ ടവറിന്റെ ടെൻഡർ നടപടികൾ പോലും കൊച്ചി നഗരസഭ ആരംഭിച്ചിട്ടില്ല. കേന്ദ്ര സർക്കാറിന്റെ മറ്റൊരു പദ്ധതിയായ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്താമെന്ന് അറിയിച്ച് സ്മാർട്ട് സിറ്റി പദ്ധതി നിർവ്വഹണ ഏജൻസിയായ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML) കൊച്ചി നഗരസഭക്ക് ലെറ്റർ കൈമാറിയിട്ടുണ്ട്. നിർമ്മാണ ചെലവും മറ്റു നടപടികളും ഏറ്റെടുത്ത് നടത്താമെന്നാണ് CSML അവകാശപ്പെടുന്നത്. എന്നാൽ കൊച്ചി നഗരസഭ ഇതുവരെ അതിന് അനുമതി നൽകിയിട്ടില്ല. 

  പാവപ്പെട്ട ഭവനരഹിതരായ 398 കുടുംബങ്ങൾക്ക് മാന്യമായി ജീവിക്കാൻ സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ ആനുകൂല്യം കൊച്ചി നഗരസഭയുടെ മനഃപൂർവ്വമായ അലംഭാവം മൂലം വർഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. കോർപ്പറേഷന്റെ അലംഭാവം ഇന്ത്യൻ ഭരണഘടന Article 21 അനുസരിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. ആയതിനാൽ വീടില്ലാത്ത 398 കുടുംബങ്ങൾക്ക് RAY പദ്ധതിയുടെ ആനുകൂല്യം എത്രയും വേഗത്തിൽ ലഭിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

  ജെയ്ഫിൻ കെരീം

  പ്രൊജക്ട് ഓഫീസർ

   

 4. പാവങ്ങളുടെ ഫ്‌ളാറ്റ് പദ്ധതി മുടങ്ങിയതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി

  Leave a Comment

  ചേരി നിർമ്മാർജ്ജന ഫ്‌ളാറ്റ് പദ്ധതി നിർമ്മാണം മുടങ്ങിയതിന്റെ കാരണങ്ങൾ മൂന്നാഴ്ചക്കകം ബോധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

  കേന്ദ്ര സർക്കാർ പദ്ധതിയായ RAY പദ്ധതി പ്രകാരം മട്ടാഞ്ചേരിയിലെ പാവപ്പെട്ട 199 കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന ഫ്‌ളാറ്റ് പദ്ധതിയുടെ നിർമ്മാണം മുടങ്ങിയതിന്റെ കാരണങ്ങൾ മൂന്നാഴ്‌ച്ചക്കകം ബോധിപ്പിക്കാൻ കൊച്ചി നഗരസഭ, സംസ്ഥാന സർക്കാർ എന്നിവർക്ക് ഹൈക്കോടതി ഉത്തരവിലൂടെ നിർദ്ദേശം നൽകി. പശ്ചിമ കൊച്ചി ജനകീയ പുനര്നിര്മ്മാണ പദ്ധതിയായ സണ്റൈസ്‌ കൊച്ചി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ RAY ഫ്‌ളാറ്റ് പദ്ധതിയിൽ വിവിധ സർക്കാർ ഏജൻസികൾ വഹിക്കേണ്ട തുകയിൽ നിന്ന് ഇതുവരെ അവർ കൈമാറിയ തുകയുടെ വിവരങ്ങളും അറിയിക്കാൻ കോടതി വാക്കാൽ ആവശ്യപ്പെട്ടു.

   

  കൊച്ചി നഗരസഭ ഡിവിഷൻ 2ലെ വീടില്ലാത്ത 398 പാവപ്പെട്ട കുടുംബങ്ങൾക്കായി വിഭാവന ചെയ്ത പദ്ധതിയാണ് രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമുള്ള രണ്ട് G+11 ഫ്‌ളാറ്റ് പദ്ധതികൾ. 2014ൽ നിർമ്മാണം ആരംഭിക്കേണ്ട പദ്ധതി പല കാരണങ്ങൾ കാണിച്ച് നിർമ്മാണം ആരംഭിക്കാതെ കാലതാമസം വന്നതിനാൽ സണ്റൈസ് കൊച്ചി 2016 നവംബറിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി RAY ഫ്‌ളാറ്റ് പദ്ധതിയിലെ രണ്ട് ഫ്‌ളാറ്റുകളിൽ ഒരെണ്ണത്തിന്റെ ടെണ്ടർ അംഗീകാരം നൽകുകയും 2017 മാർച്ച് മാസത്തിൽ ഫ്‌ളാറ്റിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. എന്നാൽ 18  മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കേണ്ട ഫ്‌ളാറ്റ് നിർമ്മാണം 2 വർഷം കഴിഞ്ഞിട്ടും ഗ്രൗണ്ട് ഫ്ലോറിന്റെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ല. ഇതിനെ തുടർന്നാണ് സണ്റൈസ്‌ കൊച്ചി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സണ്റൈസ്‌ കൊച്ചിക്ക് വേണ്ടി അഡ്വ. ടി. ആർ. രാജൻ ഹാജരായി.

 5. പാവങ്ങളുടെ ഫ്‌ളാറ്റ് പദ്ധതി മുടങ്ങാൻ അനുവദിക്കരുത്

  Leave a Comment

  കൊച്ചിയിലെ ചേരിനിർമ്മാർജ്ജനത്തിന്റെ ഭാഗമായി കൊച്ചി നഗരസഭയിലെ ഡിവിഷൻ 2ലെ ഭവനരഹിതർക്കായി ആവിഷ്കരിച്ചിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയായ RAY ഫ്‌ളാറ്റ് പദ്ധതിയുടെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. 12 നിലകളുള്ള 2 ടവറുകളിലായി 398 ഭവനരഹിത കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, കൊച്ചി നഗരസഭ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരുടെ ഫണ്ടുകൾ ഉൾപ്പെടുത്തിയാണ് RAY പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആദ്യ ടവർ നിർമ്മാണത്തിലെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിർമ്മാണം നിലച്ചിരിക്കുകയാണ്. 12 നിലകളുള്ള ആദ്യ ടവറിന്റെ ഫസ്റ്റ് ഫ്ലോർ സ്‌ലാബ് പൂർത്തിയായപ്പോഴേക്കും കോണ്ട്രാക്ടർ നിർമ്മാണം നിറുത്തി വെച്ചിരിക്കുകയാണ്. 60 സെ.മീ. മുതൽ 90 സെ.മീ വ്യാസമുള്ള 168 പൈലുകൾ 60 മീറ്റർ നീളത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഫൗണ്ടേഷൻ ആയി ചെയ്തു കഴിഞ്ഞതിന് ശേഷമാണ് ഇപ്പോൾ സൂപ്പർ സ്ട്രാക്ച്ചറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിർമ്മാണം നിലച്ചിരിക്കുന്നത്. പാവങ്ങളുടെ ഈ സ്വപ്ന പദ്ധതി മുടങ്ങാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്.

  2013ൽ കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ച RAY പദ്ധതി ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും തികഞ്ഞ അനാസ്ഥ മൂലം ടെൻഡർ നടപടികൾ പോലും ആരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. അക്കാരണം കൊണ്ട് തന്നെ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക വൻ തോതിൽ വർദ്ധിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ സാമ്പത്തിക പങ്കാളിത്തതിൽ നടക്കുന്ന പാവങ്ങളുടെ ക്ഷേമ പദ്ധതികൾക്ക് എസ്റ്റിമേറ്റ് ചെയ്ത തുക വർദ്ധിച്ചാൽ അധിക എസ്റ്റിമേറ്റ് തുക സ്വാഭാവികമായും അംഗീകരിച്ച് കിട്ടുകയില്ല. കാലതാമസം വരുത്തി പദ്ധതി ഇല്ലാതാക്കുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെയും ചില നഗരസഭ ഭരണാധികാരികളുടെയും ലക്ഷ്യം.

  2012 മുതൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച് മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന NGO യാണ് സണ്റൈസ് കൊച്ചി. മട്ടാഞ്ചേരിയിലെ ഭവനരഹിതരായ ചേരി നിവാസികൾക്കായി സണ്റൈസ് കൊച്ചി സ്വന്തം ചെലവിൽ 21 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് പദ്ധതി പൂർത്തീകരിച്ച് കൈമാറിയിട്ടുണ്ട്. 400 കുടുംബങ്ങൾക്ക് ആശ്രയമാകുന്ന RAY ഫ്‌ളാറ്റ് പദ്ധതി നഷ്ടപ്പെട്ടുപോകാതിരിക്കാൻ സണ്റൈസ് കൊച്ചി മുൻകൈയ്യെടുക്കുകയും തുടർന്ന് ഉദ്യോഗസ്ഥരും ഭരണാധികാരികളും പദ്ധതിയോട് കാണിക്കുന്ന വഞ്ചന പൊതുതാൽപര്യ ഹർജിയിലൂടെ ബഹു. ഹൈക്കോടതി മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. അന്നത്തെ ഹൈക്കോടതി വിധി പ്രകാരം ഫ്‌ളാറ്റിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. നിർമ്മാണം ആരംഭിച്ചതിന് ശേഷവും അസാധാരണമായ കാലതാമസമുണ്ടായി. നഗരസഭ തയ്യാറാക്കിയ എസ്റ്റിമേറ്റ് തന്നെ

  അബദ്ധജഡിലവും ഒട്ടേറെ തെറ്റുകുറ്റങ്ങളും ഉള്ളതുമാണ്. ഇത്രയും വലിയ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള വൈഭവം നഗരസഭ എഞ്ചിനീയർമാർക്ക് ഇല്ല എന്നതിന്റെ തെളിവാണ് RAY പദ്ധതി. 2017ൽ ആരംഭിച്ചതും 18 മാസം കൊണ്ട് പൂർത്തീരിക്കേണ്ടതുമായ ഈ ഫ്‌ളാറ്റ് പദ്ധതി super structure ന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ മുടങ്ങിക്കിടക്കുന്നു. പദ്ധതിയുടെ ബാർ ചാർട്ട് പ്രകാരം രണ്ടാമത്തെ ടവറിന്റെയും പണി ആരംഭിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നഗരസഭ അധികൃതരോട് കാര്യങ്ങൾ അന്വേഷിക്കുമ്പോഴും തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവർക്കുള്ളത്. ഇനിയും ഈ വിഷയം പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തിട്ടില്ല എങ്കിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരി നിർമ്മാർജ്ജന പദ്ധതിയുടെ കടക്കൽ കത്തിവെക്കുന്ന രീതിയായി മാറും.

  പലപ്പോഴും കൊച്ചിയിലെ ചേരികൾ വിവിധ ഏജൻസികളുടെ ഫണ്ട് കൈപറ്റാനുള്ള ഉപകരണമാക്കി മാറ്റുകയാണ്. ഒരു പദ്ധതിയുടെയും തരിമ്പ് ഗുണം പോലും ചേരി നിവാസികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇവരുടെ ദാരിദ്ര്യത്തിന്റെയും ചേരികളുടെയും ദയനീയ മുഖം എല്ലാ പദ്ധതികളുടെയും റിപ്പോർട്ടിൽ ഫോട്ടോ സഹിതം പ്രതിപാദിക്കും. 2003ൽ Poverty Alleviation of Mattanchery (PAM) എന്ന പേരിൽ ഏഷ്യൻ ബാങ്കിന്റെ സഹകരണത്തിൽ ആവിഷ്കരിച്ച പദ്ധതിയിൽ അന്നത്തെ 70 കോടിയാണ് അനുവദിച്ചിരുന്നത്. 1560 വീടുകളാണ് പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷെ ഒരു വീട് പോലും പദ്ധതി പ്രകാരം നിർമ്മിച്ചില്ല. 2012 ലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ അപേക്ഷ വന്നത് കൊച്ചിയിൽ നിന്നാണ്. പക്ഷേ ഒരു കുടുംബത്തിന് പോലും വീട് പണിയാൻ ഭൂമി കൊടുത്തിട്ടില്ല. ഏറ്റവും ഒടുവിൽ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലും ഏറ്റവും കൂടുതൽ അപേക്ഷ മട്ടാഞ്ചേരിയിൽ നിന്നാണ്. എന്നാൽ പദ്ധതി പ്രകാരം ഭൂരഹിതർക്കായി യാതൊരു ഭവന പദ്ധതിയും ഇതുവരെ വിഭാവനം ചെയ്തിട്ടുമില്ല.

  കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതി പ്രകാരം കൊച്ചി നഗരം തെരഞ്ഞെടുക്കപ്പെട്ടതും വലിയ മത്സരത്തിലൂടെയാണ്. അർബൻ പോവർട്ടി അലീവിയേഷൻ എന്ന പേരിൽ മട്ടാഞ്ചേരിയിലെ 1 മുതൽ 5 വരെ ഡിവിഷനുകളിൽ വിവിധ ചേരി നിർമ്മാർജ്ജന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ടാണ് കൊച്ചി നഗരസഭ മാർക്കുകൾ അധികം നേടിയെടുത്തത്. സ്മാർട്ട് സിറ്റി മിഷൻ പദ്ധതി പ്രകാരം 120 കോടി രൂപയാണ് ഭവനപദ്ധതിക്ക് നേടിയെടുത്തത്. 2020ൽ കാലാവധി അവസാനിക്കുന്ന സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിലും ഭവന പദ്ധതികൾ യാതൊന്നും നടപ്പാക്കിയിട്ടില്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടലിലൂടെ നിർമ്മാണം ആരംഭിച്ച RAY പദ്ധതിയുടെ ഗതി ഇങ്ങനെയുമായി.

  അതിനാൽ നിർമ്മാണം നിലച്ച RAY ഫ്‌ളാറ്റ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരും കൊച്ചി നഗരസഭയും മുന്കൈയ്യെടുക്കണം. കൊച്ചി നഗരസഭക്ക് ഇത്തരത്തിൽ വലിയ പദ്ധതികൾ നടപ്പാക്കാൻ കഴിവില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പോലെയുള്ള ഏജൻസികളെ വെച്ച് പദ്ധതി ഇനിയെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കണം. മനപൂർവ്വം കാലതാമസം വരുത്തി എസ്റ്റിമേറ്റ് തുക അധികരിപ്പിക്കുവാൻ കാരണക്കാരായവരിൽ നിന്ന് സർക്കാർ ഖജനാവിന് അധിക ബാധ്യതയാകുന്ന തുക ഇടാക്കണം.

  പത്ര സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം മൊയ്‌നുദ്ദീൻ അഫ്‌സൽ, സണ്റൈസ് കൊച്ചി പ്രൊജക്ട് കോർഡിനേറ്റർ ജെയ്ഫിൻ കെരീം, സണ്റൈസ് കൊച്ചി കൺവീനർ പി. എസ്. സൈനുദ്ദീൻ, നിയമ വിദ്യാർത്ഥിയായ ഹഫ്സ എന്നിവർ പങ്കെടുത്തു.

 6. കൊച്ചിയിലെ ഭൂരഹിതർക്കായി സ്മാർട്ട് സിറ്റി മിഷൻ പദ്ധതി പ്രകാരം വീടുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സൺറൈസ് കൊച്ചി നിവേദനം

  Leave a Comment

  കൊച്ചിയിലെ ഭൂരഹിതർക്കായി സ്മാർട്ട് സിറ്റി മിഷൻ പദ്ധതി പ്രകാരം വീടുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സൺറൈസ് കൊച്ചി നിവേദനം.

  ലൈഫ് മിഷൻ പദ്ധതി പ്രകാരം കണ്ടെത്തിയ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ പ്രതിപാദിച്ച പ്രകാരം ഭവനപദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുരാതന കൊച്ചി ജനകീയ പുനർനിർമ്മാണ പദ്ധതിയായ സൺറൈസ് കൊച്ചി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന് നിവേദനം നൽകി.
  സൺറൈസ് കൊച്ചിക്ക് വേണ്ടി പ്രൊജക്ട് ഓഫീസർ ജയ്ഫിൻ കരീം നിവേദനം നൽകി . സ്മാർട്ട് സിറ്റി പ്രദേശമായ 1-5 വരെയുള്ള ഡിവിഷനുകളിൽ 2,810 ഭൂമിയില്ലാത്ത ഭവനരഹിതർ ഉണ്ടെന്നാണ് ലൈഫ് മിഷൻ പദ്ധതിയിൽ കണ്ടെത്തിയിരിക്കുന്നത്. ഇവർക്കായി ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ യാതൊരു പദ്ധതിയും വിഭാവന ചെയ്തിട്ടുമില്ല. എന്നാൽ സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഭവനപദ്ധതികൾക്കായി 141 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത തുക വിനിയോഗിക്കാവും വിധം ഭൂരഹിത കുടുംബങ്ങൾക്കായി പ്രായോഗിക പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് സൺറൈസ് കൊച്ചി നിവേദനത്തിൽ ആവശ്യപ്പെട്ടു.
  നഗരത്തിലെ ജനങ്ങൾക്ക് കുടിവെള്ളം, ഭവനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നത് സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതികളുടെ ലക്ഷ്യങ്ങളിൽ മുഖ്യമായതാണ്. കേന്ദ്ര പദ്ധതിയായ രാജീവ് ആവാസ് യോജനപദ്ധതി പ്രകാരം കൊച്ചി നഗരസഭ നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ മാതൃകയിൽ സർക്കാർ ഉടമസ്ഥതയിൽ ഭവനങ്ങൾ നിർമ്മിക്കുകയും പ്രസ്തുത ഫ്‌ളാറ്റുകളുടെ മെയിന്റനൻസ് കുടുംബശ്രീ പോലെയുള്ള ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്യുന്ന മാതൃക നിവേദനത്തിൽ നിർദ്ദേശിച്ചു. നിലവിൽ കൊച്ചിയിലെ സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിലെ ഭവന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ അപാകതകൾ ഉണ്ടെന്നും അതിന് കാരണം പദ്ധതി നടത്തിപ്പിലെ ഏകോപനത്തിന്റെ അഭാവമാണെന്നും സൺറൈസ് കൊച്ചി ചൂണ്ടിക്കാട്ടി. അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെയും തൽപരരായ എൻ.ജി ഒ കളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കണമെന്നും സൺറൈസ്കൊച്ചി നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിൽ വച്ച് നിവേദനം കൈമാറി. മട്ടാഞ്ചേരി ഡവലപ്മെന്റ് കളക്ടീവ് സെക്രട്ടറി മുഹമ്മദ് ബഷീർ നിവേദക സംഘത്തെ അനുഗമിച്ചു.

 7. സന്തോഷ വാർത്ത…. മട്ടാഞ്ചേരിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്റർ ആരംഭിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു

  Leave a Comment

  സന്തോഷ വാർത്ത….
  മട്ടാഞ്ചേരിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്റർ ആരംഭിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സണ്റൈസ് കൊച്ചിയുടെ പരിശ്രമങ്ങൾക്ക് പുതിയൊരു വിജയം കൂടി.

  മത്സരപരീക്ഷകളിൽ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ കോച്ചിംഗ് സെന്റർ മട്ടാഞ്ചേരിയിൽ ആരംഭിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർഷങ്ങളായി സണ്റൈസ് കൊച്ചി നടത്തിവന്ന നിരന്തര പരിശ്രമങ്ങളുടെ വിജയമാണിത്.

  ന്യൂപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പിന്നോക്കപ്രദേശമായ മട്ടാഞ്ചേരിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സണ്റൈസ് കൊച്ചി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് രണ്ട് തവണ അപേക്ഷ നൽകിയിരുന്നു. സൗജന്യമായി കെട്ടിടസൗകര്യം വാഗ്ദാനം ചെയ്തിട്ടും രണ്ട് തവണയും സണ്റൈസ് കൊച്ചിയുടെ അപേക്ഷ അകാരണമായി നിരസിക്കുകയായിരുന്നു. ന്യൂനപക്ഷ പിന്നോക്ക പ്രദേശമായ മട്ടാഞ്ചേരിയിൽ സെന്റർ നിഷേധിച്ചത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സണ്റൈസ് കൊച്ചി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു. സൺറൈസ് കൊച്ചി പ്രൊജക്ട് ഓഫീസർ ജയ്ഫിൻ കരീം വിശദമായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മട്ടാഞ്ചേരിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്റർ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് (1/6/2018) ഉത്തരവിറക്കി (ഉത്തരവിന്റെ കോപ്പി താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നു). കൂടാതെ സമാന സ്വഭാവമുള്ള വിവിധ സംഘടനകളെയും ചേർത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രാലയത്തിനും നിവേദനം നൽകി. പുതുതായി ചാർജെടുത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അനുഭാവപൂർവം പ്രവർത്തിച്ചു,

  അങ്ങനെ നിരന്തര ശ്രമത്തിനൊടുവിൽ സംസ്ഥാന സർക്കാർ മട്ടാഞ്ചേരിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്റർ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു. മട്ടാഞ്ചേരിയുടെ സാമൂഹ്യ സുരക്ഷാ പുരോഗതിയിൽ സംസ്ഥാന സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം ഒരു നാഴിക കല്ലാകും.

  ഒരു ജനതയുടെ മാറ്റത്തിനായ് ദൃഢനിശ്ചയം സൺറൈസ് കൊച്ചി

 8. കോതമംഗലം പദ്ധതിയിലെ 3 വീടുകൾ കൈമാറി

  Leave a Comment

  സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനർനിർമ്മാണ പദ്ധതിയായ സൺറൈസ് കൊച്ചി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കോതമംഗലത്ത് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നെല്ലിക്കുഴിയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. കൊച്ചിയിലെ ഭവനരഹിത കുടുംബങ്ങൾക്ക് കൊച്ചിക്ക് പുറത്ത് സൺറൈസ് കൊച്ചി നടപ്പാക്കിയ പ്രഥമ ഭവന പദ്ധതിയിലെ മൂന്ന് വീടുകളിൽ രണ്ട് വീടുകൾ പീപ്പിൾസ് ഫൗണ്ടേഷനും ഒരു വീട് സോളിഡാരിറ്റി ശാന്തപുരം ഏരിയയുമാണ് സ്പോൺസർ ചെയ്തത്. കോതമംഗലത്ത് ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ‘തണൽ’ ആണ് വീടിനുള്ള സ്ഥലം ലഭ്യമാക്കിയത്. പ്രസ്തുത പദ്ധതിയോടെ സൺറൈസ് കൊച്ചി നിർമ്മിക്കുന്ന ഒറ്റവീടുകളുടെ എണ്ണം 25 തികയുകയാണ്. കൂടാതെ 21 ഭവനരഹിത കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്‌ളാറ്റിന്റെ ഉദ്ഘാടനം 2017 മെയ് മാസത്തിൽ ബഹു. കേരള നിയമസഭ സ്പീക്കർ നിർവ്വഹിക്കുകയുണ്ടായി.

  സൺറൈസ് കൊച്ചി കോർകമ്മിറ്റി ചെയർമാൻ എം.കെ.അബുബക്കർ ഫാറുഖി അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെയും  സൺറൈസ് കൊച്ചിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി. സി. ബഷീറും സൺറൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടർ മുഹമ്മദ് ഉമറും വിശദീകരിച്ചു.  സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ ദാനിയൽ, അശമന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.സലീം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.വേണു, വൈസ് പ്രസിഡൻ്റ് റംല മുഹമ്മദ്, പഞ്ചായത്തംഗം പരീക്കുട്ടി കുന്നത്താൻ, തണൽ ചെയർമാൻ പി.എം.അബൂബക്കർ, സോളിഡാരിറ്റി ജില്ല പ്രസിഡൻ്റ് എ.അനസ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ടി.എം.ഇല്യാസ്, സോളിഡാരിറ്റി ശാന്തപുരം ഏരിയ പ്രസിഡൻ്റ് എം.ഇ.ബാസിം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് ഇ.എച്ച്.ഉമ്മർ എന്നിവർ സംസാരിച്ചു.  സൺറൈസ് കൊച്ചി സെക്രട്ടറി നാസർ യൂസഫ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ഏരിയ സേവന കൺവീനർ മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

 9. ഭവനപദ്ധതികൾ ആദ്യഘട്ടത്തിൽ നടപ്പാക്കണമെന്ന് സൺറൈസ് കൊച്ചിനിവേദനം

  Leave a Comment

  സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിലെ ഭവനപദ്ധതികൾ ആദ്യഘട്ടത്തിൽ നടപ്പാക്കണമെന്ന് സൺറൈസ് കൊച്ചി നിവേദനം

   

  സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിലെ വീടില്ലാത്തവർക്കുള്ള ഭവനനിർമ്മാണം പ്രൊജെക്ട് റിപ്പോർട്ട് പ്രകാരം ആദ്യഘട്ടത്തിൽ തന്നെ  നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനർനിർമ്മാണ പദ്ധതിയായ സൺറൈസ് കൊച്ചി വകുപ്പ് മന്ത്രി എ സി മൊയ്തീന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശമായ കൊച്ചി നഗരസഭയിലെ എട്ട് ഡിവിഷനുകളിൽ അഞ്ച് ഡിവിഷനും പിന്നോക്കപ്രദേശമായ മട്ടാഞ്ചേരി മേഖലയിലാണ്. 4,000 ഭവനങ്ങൾ നിർമ്മിക്കാൻ ലക്‌ഷ്യം വെക്കുന്ന ഭവനപദ്ധതികൾക്ക് 240 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ ചെറുകിട തൊഴിൽ സംരംഭത്തിന് വേണ്ടി 5 കോടിയും കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 132 കോടിയും കനാൽ ശുചീകരണത്തിന് 41 കോടി രൂപയും സ്മാർട്ട് സിറ്റി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് മന്ത്രിയുടെ ഗൗരവമായ ശ്രദ്ധ ഉണ്ടാകണമെന്ന് സൺറൈസ് കൊച്ചിയുടെ നിവേദനത്തിൽ പറഞ്ഞു. വിഷയം പഠിച്ചതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നൽകി.

  ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് നിരവധി പദ്ധതികൾ മുമ്പ് വിഭാവനം ചെയ്തിട്ടുണ്ട്.  എന്നാൽ പ്രസ്തുത പദ്ധതികളുടെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. മട്ടാഞ്ചേരിയുടെ ദാരിദ്ര ലഘൂകരണം ലക്ഷ്യമാക്കിയ പോവാർട്ടി അല്ലീവിയേഷൻ ഓഫ് മട്ടാഞ്ചേരി (പാം), ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാഗ്ദാനം ചെയ്ത സീറോ ലാന്റ്‌ലെസ്സ് പദ്ധതി, വീടില്ലാത്തവർക്ക് വീട് നിർമ്മിക്കുന്നതിന് കൊച്ചി നഗരസഭയുടെ ഇതെന്റെ വീട് പദ്ധതി തുടങ്ങിയ പദ്ധതികളുടെ ഗുണഫലം പ്രദേശത്തെ ഭവനരഹിത കുടുംബങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 2008 വിഭാവനം ചെയ്ത കേന്ദ്ര സർക്കാറിന്റെ ജനറം പദ്ധതി നടപ്പാക്കിയെങ്കിലും വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കാത്തതിനാൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ ജനങ്ങൾക്ക് ഇതുവരെയായിട്ടും പദ്ധതിയുടെ ഗുണഫലം ലഭിച്ചിട്ടില്ല. ജനങ്ങളുടെ സമ്മർദ്ദങ്ങൾക്ക് ശേഷം നിർമ്മാണം ആരംഭിച്ച RAY പദ്ധതിയിലെ 199 കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റ് നിർമ്മാണം വളരെയധികം മന്ദഗതിയിലാണ്. RAY പദ്ധതിയിലെ ബാക്കിയുള്ള 199 കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റ് നിർമ്മാണം നഷ്‍ടപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.

  സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് തന്നെ   ഏറ്റവുമധികം ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തിയത് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശത്താണ്. ലൈഫ് മിഷൻ പദ്ധതിയുടെ സർവ്വെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബങ്ങൾക്കായി ഭവനപദ്ധതികൾ വിഭാവനം ചെയ്യണം. സ്മാർട്ട് സിറ്റി മിഷൻ, ലൈഫ് മിഷൻ പദ്ധതികളുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി  ഭവനരഹിത കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരം കാണുന്നതിന് മന്ത്രി നടപടി സ്വീകരിക്കണമെന്നും സൺറൈസ് കൊച്ചി നിവേദനത്തിൽ ആവശ്യപ്പെട്ടു. സൺറൈസ് കൊച്ചി കൺവീനർമാരായ എൻ. എ. മുഹമ്മദ് ബഷീർ, രെഹനാസ് ഉസ്മാൻ, ജെയ്ഫിൻ കെരീം എന്നിവർ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

 10. MBBS ബിരുദം ഉയർന്ന മാർക്കോടെ കരസ്ഥമാക്കിയ ഡോ. തൻസിലയെ ആദരിച്ചു

  Leave a Comment

  മട്ടാഞ്ചേരിയിൽ നിന്നും MBBS ബിരുദം ഉയർന്ന മാർക്കോടെ  കരസ്ഥമാക്കിയ ഡോ. തൻസിലയെ ആദരിച്ചു

  ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്നും MBBS ബിരുദം ഉന്നത മാർക്കോടെ പാസ്സായ മട്ടാഞ്ചേരി സീലാട്ട്പറമ്പ് സ്വദേശിനിയായ ഡോ. തൻസില P J യെ സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതനകൊച്ചി ജനകീയ പുനർനിർമ്മാണ പദ്ധതിയായ സൺറൈസ് കൊച്ചി ആദരിച്ചു.  ജമാഅത്തെ ഇസ്‍ലാമി കൊച്ചി ഏരിയ കൺവെൻഷനിൽ തൻസിലക്ക്സംസ്ഥാന സമിതിയംഗം ഷഹീർ മൗലവി ഉപഹാരവും ക്യാഷ് അവാർഡും നൽകി.

  മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തൻസിലയുടെ MBBS പഠനത്തിനുള്ള മുഴുവൻ സ്പോണ്സർഷിപ്പും വഹിച്ചിരുന്നത് സൺറൈസ് കൊച്ചിയായിരുന്നു. MBBS പഠനം പൂർത്തിയാക്കിയ തൻസിലാക്ക് ഇനി house surgency കൂടി പൂർത്തിയാക്കേണ്ടതുണ്ട്. മട്ടാഞ്ചേരിയിലെ ചേരിപ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികവ് പുലർത്തിയ കുട്ടികൾക്ക് ആദരവ് സൺറൈസ് കൊച്ചി നേരത്തെ നൽകിയിട്ടുണ്ട്. കൂടാതെ ഒറ്റമുറി വീടുകളിൽ താമസിക്കുന്ന വിദ്യാർത്‌ഥികൾക്ക് ഗൃഹപാഠം നടത്താനൊരിടം എന്ന അർത്ഥത്തിൽ ഹോംവർക്ക് ക്ലബുകൾ സൺറൈസ് കൊച്ചിയുടെ നേതൃത്വത്തിൽ വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്നു.