Sunrise Events

മട്ടാഞ്ചേരിയിലെ പാവങ്ങളുടെ ഫ്‌ളാറ്റ് പദ്ധതി മുടങ്ങുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി

മട്ടാഞ്ചേരിയിലെ പാവങ്ങളുടെ ഫ്‌ളാറ്റ് പദ്ധതി മുടങ്ങുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചിയിലെ ചേരികളില്‍ താമസിക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ബഹുനില പാര്‍പ്പിട പദ്ധതി മുടങ്ങുന്നതിനെതിരെ സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതികക്ഷികളായ കൊച്ചി കോര്‍പ്പറേഷന്‍, സംസ്ഥാന ഗവണ്‍മെന്റ്എന്നിവര്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് വിഭാവന ചെയ്ത പദ്ധതിയാണ് രാജീവ് ആവാസ് യോജന. 2013 ഡിസംബറില്‍ കേന്ദ്ര മോണിറ്ററിംഗ് & സാങ്ങ്ഷനിംഗ് കമ്മിറ്റി 67.62 കോടി രൂപയുടെ കൊച്ചിയിലെ ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതി അംഗീകരിക്കുകയും കേന്ദ്ര വിഹിതമായ 18 കോടി രൂപയില്‍ 7 കോടി രൂപ കൊച്ചി കോര്‍പ്പറേഷന് കൈമാറുകയും ചെയ്തിരുന്നു. പ്രസ്തുത പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ 34 ലക്ഷം രൂപയോളം കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ ചിലവഴിച്ചിട്ടുണ്ട്.
പദ്ധതിക്ക് 2014 ജൂണ്‍ മാസം സംസ്ഥാന സര്‍ക്കാറിന്റെ സാങ്കേതികാനുമതി ലഭിച്ചിട്ട് 2 വര്‍ഷത്തിലധികം കഴിഞ്ഞിട്ടും 398 ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റേ പദ്ധതിയുടെ കാലാവധി 2017 മാര്‍ച്ച് മാസം അവസാനിക്കുമെന്നും 2016 ഡിസംബറിന് ശേഷം റേ പദ്ധതി പ്രകാരം തുകയൊന്നും സംസ്ഥാനങ്ങള്‍ക്ക് കൈമാറില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. കൂടാതെ സണ്‍റൈസ് കൊച്ചി അധികാരികള്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടും ഫലം കണ്ടില്ല. രണ്ട് മാസത്തിനകം ഫ്‌ളാറ്റ് പദ്ധതി ആരംഭിച്ചില്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ബാക്കി 11 കോടി ലഭിക്കാതെ വരികയും ഫ്‌ളാറ്റ് പദ്ധതി തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സണ്‍റൈസ് കൊച്ചി ഹൈക്കൊടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പദ്ധതി പാഴായിപ്പോകാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരികണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്രയധികം തുക വകയിരുത്തിയിട്ടും ഫ്‌ളാറ്റ് പദ്ധതി ആരംഭിക്കുന്നതില്‍ തടസ്സം എന്തെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലിനോട് കോടതി വാക്കാല്‍ ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 2016 നവംബര്‍ 08 ലേക്ക് മാറ്റി. സണ്‍റൈസ് കൊച്ചിക്ക് വേണ്ടി സെക്രട്ടറി ജെയ്ഫിന്‍ കെരീമാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. ടി. ആര്‍. രാജന്‍ ഹാജറായി.

Gallery

Back