Gallery

ചേരിയിലെ അരിക്ജീവിതങ്ങള്‍ക്ക് ആശ്വാസമായി സണ്‍റൈസ് കൊച്ചിയുടെ ലക്ഷം രൂപ വീടുകള്‍

സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ചേരിനിര്‍മ്മാര്‍ജ്ജനത്തിനായി രൂപം കൊടുത്ത സണ്‍റൈസ് കൊച്ചി പദ്ധതിയുടെ ഭാഗമായി കുറഞ്ഞ സ്ഥലത്ത് ചിലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ശ്രദ്ധേയമാകുന്നു. സ്വന്തമെന്ന് പറയാന്‍ 150ഉം 200ഉം സ്‌ക്വയര്‍ഫീറ്റ് സ്ഥലം അവകാശമുള്ള കുടുംബങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മിക്കുന്നത്. ചെറിയ ബെഡ് റൂം, അടുക്കള, ടോയിലറ്റ് എന്നിവ ചേര്‍ന്നതാണ് ഡിസൈന്‍. കൊച്ചിയിലെ ഏറ്റവും വലിയ കോളനിയായ വാതുരുത്തിയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുറഹ്മാന്‍ നിര്‍വ്വഹിച്ചു. രോഗം കൊണ്ട് വലയുന്ന ഷക്കീല ദമ്പതികള്‍ക്ക് ഈ ഭവനം വലിയ ആശ്വാസമായി. ഭരണകൂടവും ഉദ്യോഗസ്ഥരും ഇച്ഛാശക്തി കാണിക്കാത്തതാണ് ഭവനപദ്ധതികള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ മുടങ്ങുവാന്‍ കാരണം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നു. പാവപ്പെട്ടവരോടൊപ്പം നില്‍ക്കാന്‍ സര്‍ക്കാറുകള്‍ക്ക് താല്‍പര്യമില്ലയെന്നതിന്റെ തെളിവുകളാണ് മെട്രോ നഗരത്തിന്റെ അകത്തളങ്ങളില്‍ പോലും പാവപ്പെട്ടവര്‍ വീടും കുടിയുമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതെന്ന് പി. മുജീബു റഹ്മാന്‍ പറഞ്ഞു. ചടങ്ങില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഹൈദര്‍, ഏരിയ പ്രസിഡന്റ ് ആസിഫ്, സേവ് മട്ടാഞ്ചേരി ഫോറം കണ്‍വീനര്‍ സനീറ റഹീം, സണ്‍റൈസ് കൊച്ചി കണ്‍വീനര്‍ ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ചേരിപ്രദേശത്ത് നിര്‍മ്മിച്ച ഇരുപതാമത്തെ വീട് കൂടിയാണിത്. ഇരുപത്തിയൊന്ന് ഫ്‌ളാറ്റുകള്‍ ഉള്‍കൊള്ളുന്ന പാര്‍പ്പിട പദ്ധതി, നൂറ്റമ്പതിലധികം പേര്‍ക്ക് തൊഴില്‍ സഹായം, ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോം വര്‍ക്ക് ക്ലബ്, ചികിത്സാ സഹായം, റേഷന്‍ വിതരണം, പലിശരഹിത മൈക്രോഫിനാന്‍സ് എന്നിവ സണ്‍റൈസ് കൊച്ചിയുടെ കീഴില്‍ നടന്നുവരുന്ന പദ്ധതികളാണെന്ന് പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു.

Gallery

Back